ഒലവക്കോട്: സെന്റ്തോമസ് കോണ്വന്റ്് ഹയർ സെക്കൻഡറി സ്കൂളിന്റെ 62 ാമത് വാർഷികദിനാഘോഷം ‘കോണ്‍കോർഡിയ 2കെ26’ ഇന്ന് നടക്കും. വൈകുന്നേരം 4.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ചടങ്ങ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി ആൻഡ് വിജിലൻസ്) ആർ. കീർത്തി ഉദ്ഘാടനം ചെയ്യും. പാലക്കാട് മേരിയൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വത്സ തേരേസ് സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലീമ റോസ് സിഎച്ച്എഫ് ചടങ്ങിന് സ്വാഗതം ആശംസിക്കും.
എഇഒ രമേശ് പാറപ്പുറത്ത് സ്കൂൾ മാഗസിന്റെ പ്രകാശനം നിർവഹിക്കും. ഒലവക്കോട് സെന്റ് ജോസഫ്സ് ഫൊറോനപള്ളി വികാരി ഫാ. ഷാജു അങ്ങേവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ്് സനൽ ആന്റോ ആശംസകൾ അർപ്പിക്കും. ലോക്കൽ മാനേജർ സിസ്റ്റർ ആനിപോൾ സിഎച്ച്എഫ് അവാർഡ്ദാനം നിർവഹിക്കും. പിന്നണി ഗായകൻ വിഷ്ണുദാസ് ഗാനങ്ങൾ ആലപിക്കും.1964 ൽ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ പാലക്കാട് പ്രൊവിൻസിനു കീഴിൽ ആരംഭിച്ച സ്കൂളിൽ കെജി മുതൽ പന്ത്രണ്ടാംക്ലാസ് വരെ രണ്ടായിരത്തിൽപ്പരം വിദ്യാർഥികളും നൂറോളം അധ്യാപകരും അനധ്യാപകരും ഉണ്ട്.
സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കന്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണുള്ളത്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചുവരുന്നു.
പഠനത്തോടൊപ്പം കലാ,കായിക മേഖലകൾക്കും തുല്യപ്രാധാന്യം നൽകുന്നുവെന്നത് സ്കൂളിന്റെ പ്രത്യേകതയാണ്. ബാഡ്മിന്റണ്‍, കബഡി, ബാസ്ക്കറ്റ് ബോൾ, കരാട്ടെ, ആർച്ചറി, സ്കേറ്റിംഗ്, റോബോട്ടിക്, അബാക്കസ്, യോഗ, മ്യൂസിക്, ഡാൻസ്, എന്നിവയിൽ പ്രാവീണ്യം നേടിയ അധ്യാപകരിലൂടെ ഇവിടുത്തെ വിദ്യാർഥികൾ ദേശീയ, അന്തർദേശീയ തലത്തിൽവരെ തിളക്കമാർന്ന വിജയം കൈവരിച്ചിട്ടുണ്ട്. സ്കൂൾ സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം, പ്രവർത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവച്ച് പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്.
വാർഷികദിനത്തോടനുബന്ധിച്ച് വിവിധ അവാർഡുകളുടെ വിതരണവും സമ്മാനദാനവും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.